---
title: "അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി 'അച്ഛന്‍' എത്തി "
english_title: "'Achchan' came with the story of the bond between father and daughter"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89450/achchan-came-with-the-story-of-the-self relation ship-between-father-and-daughter"
published_at: "2023-01-10T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd6b3e91fc2_OBIT_CARD_JPG.JPG"
keywords: []
---

# അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി 'അച്ഛന്‍' എത്തി 

> **Lead Summary:** **കോഴിക്കോട് :** മണവാളനും കെട്ട്യോളും എന്ന കോമഡി പരമ്പരയിലൂടെ നവ മാധ്യമങ്ങളില്‍ ശ്രദ്ധേയയായ പ്രബിജ ബൈജു ആദ്യമായി സംവിധായകയുടെ കുപ്പായമണിഞ്ഞ അച്ഛന്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ പ്രദര്‍ശനം നടന്നു.

## Article Content

**കോഴിക്കോട് :** മണവാളനും കെട്ട്യോളും എന്ന കോമഡി പരമ്പരയിലൂടെ നവ മാധ്യമങ്ങളില്‍ ശ്രദ്ധേയയായ പ്രബിജ ബൈജു ആദ്യമായി സംവിധായകയുടെ കുപ്പായമണിഞ്ഞ അച്ഛന്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ പ്രദര്‍ശനം നടന്നു.

മിമിക്രി നാടക വേദികളില്‍ ഒരുപോലെ തിളങ്ങിയ കലാകാരിയായ പ്രബിജ മണവാളനും കെട്ട്യോളുമിലെ കേന്ദ്ര കഥാപാത്രമായ രജനിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

നീണ്ട അഭിനയ രംഗത്തെ പരിചയം ഇവരെ സംവിധായക രംഗത്തേക്കും എത്തിക്കുകയായിരുന്നു. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച പ്രബിജ ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

അച്ഛന്‍ മരിച്ചിട്ട് അമ്മ മരിച്ചാല്‍ മതി എന്ന് ഒരു മകള്‍ മാതാപിതാക്കളോട് പറയുന്ന ഹൃദയ ഭേദകമായ സംഭാഷണത്തിലൂടെ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പ്രബിജ യുടെ അച്ഛന്‍ എന്ന ഹ്രസ്വ ചിത്രം. ഒരച്ഛന്റെയും അമ്മയുടെയും മകളുടെയും മറ്റൊരച്ഛന്റെയും അദൃശ്യയായ അമ്മയുടെയും കഥ പറയുന്ന അച്ഛന്‍ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും.

ജെഡിആര്‍എസിന്റെ ബാനറില്‍ മില്ലേനിയം ഓഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിജേഷ് പേരാമ്പ്ര കലാസംവിധാനവും പ്രവിരാജ്.വി.നായര്‍ ക്യാമറയും ജിന്‍സ് ജോസഫ് ചിത്ര സംയോജനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പ്രബിജ ബൈജുവിന് പുറമേ സുധാകരന്‍ ചൂലൂര്‍, ദിനേശന്‍ എരഞ്ഞിക്കല്‍, പ്രകാശന്‍ തെറ്റത്ത് സുമന്ന, പ്രഭ വിജയകുമാര്‍ എന്നിവര്‍ വേഷമിടുന്നു.

കോഴിക്കോട് പറമ്പില്‍ ബസാര്‍ എയുപി സ്‌ക്കൂളില്‍ നടന്ന ആദ്യ പ്രദര്‍ശനം നാടക പ്രവര്‍ത്തകനും മുന്‍ എംഎല്‍എയുമായ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഗിരീഷ് പി.സി പാലം, ശ്രീജിത്ത് പൊയില്‍കാവ്, അനില്‍ ബേബി, ദേവരാജ് കോഴിക്കോട്, കബീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89450/achchan-came-with-the-story-of-the-self relation ship-between-father-and-daughter)